അവിടം തെന്നുന്നതാണ്
വര്‍ഷങ്ങള്‍ക്കു മുമ്പ്് ഞാന്‍ സ്കീയിംഗ് പഠിച്ചുകൊണ്ടിരുന്നപ്പോള്‍, ഞാന്‍ എന്റെ മകന് ജോഷിന്റെ പിന്നാലെ ഒരു ചെറിയ ചരിവിലൂടെ നീങ്ങുകയായിരുന്നു. അവനെ നോക്കിക്കൊണ്ടിരുന്നതിനാല്‍ അവന് പര്‍വ്വതത്തിലെ ഏറ്റവും കുത്തനെയുള്ളയിടത്തേക്കു നീങ്ങിയതു ഞാന്‍ ശ്രദ്ധിച്ചില്ല. പെട്ടെന്നു ഞാന്‍ നിയന്ത്രണം വിട്ട് താഴേക്കു വീണു. ഞാന്‍ ഗര്‍ത്തത്തിലകപ്പെട്ടു.
എങ്ങനെ നാം എളുപ്പത്തില്‍ പാപത്തിന്റെ പടുകുഴിയിലേക്കു വീഴും എന്ന് സങ്കീര്‍ത്തനം 141 കാണിച്ചുതരുന്നു. അത്തരം ചരിവുകളെക്കുറിച്ച് ബോധവാന്മാരായിരിക്കാനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന് പ്രാര്‍ത്ഥനയാണ്. 'ദുഷ്പ്രവൃത്തികളില്‍ ഇടപെടുവാന്‍ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിനു ചായിക്കരുതേ' (വാ. 4) എന്നത് വ്യക്തമായും കര്‍ത്താവിന്റെ പ്രാര്‍ത്ഥനയിലെ ഒരു അപേക്ഷയാണ്. 'ഞങ്ങളെ പരീക്ഷയില്‍ കടത്താതെ ദുഷ്ടങ്കല്‍നിന്ന് ഞങ്ങളെ വിടുവിക്കണമേ' (മത്തായി 6:13). ദൈവം തന്റെ നന്മയില് ഈ പ്രാര്‍ത്ഥന കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യുന്നു.
തുടര്‍ന്ന് കൃപയുടെ മറ്റൊരു പ്രതിനിധിയെ ഈ സങ്കീര്‍ത്തനത്തില്‍ ഞാന്‍ കാണുന്നു: ഒരു വിശ്വസ്ത സ്നേഹിതന്. 'നീതിമാന് എന്നെ അടിക്കുന്നതു ദയ; അവന് എന്നെ ശാസിക്കുന്നതു തലയ്ക്ക് എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ'' (സങ്കീര്‍ത്തനം 141:5). പരീക്ഷകള്‍ വഞ്ചനാപരമാണ്. നാം തെറ്റിപ്പോകുകയാണെന്നു നാം പലപ്പോഴും അറിയുകയില്ല. ഒരു നല്ല സ്നേഹിതനു നമ്മെ വിലക്കാന്‍ കഴിയും. 'സ്നേഹിതന് വരുത്തുന്ന മുറിവുകള്‍ വിശ്വസ്തതയുടെ ഫലം' (സദൃശവാക്യങ്ങള്‍ 27:6). ശാസന അംഗീകരിക്കുന്നതു പ്രയാസകരമാണെങ്കിലും മുറിവുകളെ നമ്മോടുള്ള 'കനിവ്' ആയി നാം കാണുന്നുവെങ്കില്‍ അനുസരണത്തിന്റെ പാതയിലേക്കു നമ്മെ മടക്കിക്കൊണ്ടുപോകുന്ന അഭിഷേകമായി അതു മാറ്റപ്പെടും.
വിശ്വസ്തനായ ഒരു സ്നേഹിതന് പറയുന്ന സത്യം സ്വീകരിക്കുവാന്‍ തയ്യാറുള്ളവരും പ്രാര്‍ത്ഥനയിലൂടെ ദൈവത്തില്‍ ആശ്രയിക്കുന്നവരും ആയി നമുക്കു മാറാം.
അപ്പവും മീനും
ഒരു കൊച്ചുകുട്ടി പള്ളിയില്‍ നിന്നു വന്നിട്ട് അന്നു പഠിച്ച പാഠത്തെക്കുറിച്ച് ഉത്സാഹത്തോടെ പ്രഖ്യാപിച്ചത് 'ദിവസം മുഴുവനും അപ്പവും മീനും വിതരണം ചെയ്ത കുട്ടിയെക്കുറിച്ചായിരുന്നു പഠിപ്പിച്ചത്' എന്നാണ്. യേശുവിന്റെ അടുക്കല്‍ അപ്പവും മീനും കൊണ്ടുവന്ന ബാലനെക്കുറിച്ചാണ് അവന് ചിന്തിച്ചത് എന്നതില്‍ തര്‍ക്കമില്ല.
യേശു ദിവസം മുഴുവനും പുരുഷാരത്തെ ഉപദേശിക്കുകയായിരുന്നു. ജനം ഗ്രാമങ്ങളില്‍ പോയി ആഹാരസാധനങ്ങള്‍ ശേഖരിക്കാന്‍ അവരെ വിട്ടയയ്ക്കണമെന്ന് ശിഷ്യന്മാര് യേശുവിനോടു പറഞ്ഞു. നിങ്ങള്‍ അവര്‍ക്കു ഭക്ഷിപ്പാന്‍ കൊടുപ്പിന് എന്നായിരുന്നു യേശുവിന്റെ മറുപടി (മത്തായി 14:16). ശിഷ്യന്മാര് പരിഭ്രാന്തരായി, കാരണം 5000-ലധികം പേര്‍ക്ക് ആഹാരം കൊടുക്കണമായിരുന്നു!
കഥയുടെ ബാക്കി നിങ്ങള്‍ക്കറിയാം: ഒരു ബാലന് അവന്റെ ഉച്ചഭക്ഷണം നല്കി-അഞ്ചു ചെറിയ അപ്പവും രണ്ടു മീനും-അതുപയോഗിച്ച് യേശു ജനത്തെ പോഷിപ്പിച്ചു (വാ. 13-21). ഒരു ചിന്താധാരക്കാര്‍ പറയുന്നത്, കുട്ടിയുടെ ഔദാര്യം ജനക്കൂട്ടത്തിലെ മറ്റുള്ളവരെയും ചലിപ്പിക്കുകയും അവരും തങ്ങളുടെ ആഹാരം പങ്കുവയ്ക്കുകയും ചെയ്തു എന്നാണ്. എന്നാല്‍ ഇതൊരു അത്ഭുതമാണെന്നു നാം മനസ്സിലാക്കണമെന്ന് മത്തായി വ്യക്തമായും ആഗ്രഹിച്ചിരുന്നു, മാത്രമല്ല ഈ സംഭവം നാലു സുവിശേഷങ്ങളിലും കാണുന്നുമുണ്ട്.
എന്താണു നാം പഠിക്കുന്നത്? കുടുംബം, അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, മറ്റുള്ളവര്‍ വിവിധ നിലകളിലുള്ള ആവശ്യങ്ങളുമായി നമുക്കു ചുറ്റുമുണ്ട്. നാം അവരെ നമ്മെക്കാള്‍ കഴിവുള്ളവരുടെ അടുത്തേക്കു പറഞ്ഞുവിടുമോ? തീര്‍ച്ചയായും ചിലയാളുകളുടെ ആവശ്യങ്ങള്‍ നമ്മുടെ കഴിവിനപ്പുറത്തുള്ളതായിരിക്കാം, എന്നാല്‍ എല്ലായ്പ്പോഴുമല്ല. നിങ്ങള്ക്കുള്ളതെന്തായിരുന്നാലും - ഒരു ആലിംഗനം, ഒരു ദയാവാക്ക്, ശ്രദ്ധിക്കുന്ന കാത്, ഒരു ഹ്രസ്വ പ്രാര്‍ത്ഥന, നിങ്ങള്‍ ആര്‍ജ്ജിച്ചിട്ടുള്ള ജ്ഞാനം - യേശുവിനു നല്‍കിയിട്ട് അവന് അതുകൊണ്ട് എന്തുചെയ്യുമെന്നു കാണുക.
സന്തോഷത്തോടെ കളിക്കുക
ഞങ്ങളുടെ പുത്രന്മാരിലൊരുവനായ ബ്രിയാന്‍ ഹൈസ്കൂള്‍ ബാസ്ക്കറ്റ് ബോള്‍ കോച്ചാണ്. ഒരു വര്‍ഷം, അവന്റെ ടീം, വാഷിങ്ടണ്‍ സ്റ്റേറ്റ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിനു വേണ്ടി മുന്നേറ്റം നടത്തിക്കൊണ്ടിരുന്നപ്പോള്‍, അവരുടെ വിജയം ആഗ്രഹിച്ചിരുന്ന ആളുകള്‍ ചോദിച്ചു, 'ഈ വര്‍ഷം നിങ്ങള്‍ വിജയിക്കുമോ?' കളിക്കാരും കോച്ചും സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ടിരുന്നതിനാല്‍ ബ്രിയാന്‍ ഒരു മുദ്രാവാക്യം രൂപപ്പെടുത്തി, 'സന്തോഷത്തോടെ കളിക്കുക!'
എഫെസൊസിലെ മൂപ്പന്മാരോടുള്ള അപ്പൊസ്തലനായ പൗലൊസിന്റെ അന്ത്യവാക്കുകള്‍ ഞാന്‍ ഓര്‍ത്തു: 'എന്റെ ഓട്ടം ... സന്തോഷത്തോടെ പൂര്‍ത്തിയാക്കണം എന്നേ എനിക്കുള്ളൂ' (പ്രവൃത്തികള്‍ 20:24 NKJV). യേശു തനിക്ക് നല്കിയ ദൗത്യം പൂര്‍ത്തിയാക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം. ഞാന്‍ ആ വാക്കുകള്‍ എന്റെ ലക്ഷ്യവും മുദ്രാവാക്യവും ആക്കി മാറ്റി: 'ഞാന്‍ എന്റെ ഓട്ടം സന്തോഷത്തോടെ ഓടി പൂര്‍ത്തിയാക്കട്ടെ.' അഥവാ ബ്രിയാന്‍ പറഞ്ഞതുപോലെ 'ഞാന്‍ സന്തോഷത്തോടെ കളിക്കട്ടെ.' അതിനിടയില്‍ പറയട്ടെ, ആ വര്‍ഷം ബ്രിയാന്റെ ടീം സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി.
നമുക്കെല്ലാം നിരാശപ്പെട്ടുപോകാനുള്ള നല്ല കാരണങ്ങളുണ്ട് - ലോകവാര്‍ത്തകള്‍, ദൈനംദിന സമ്മര്‍ദ്ദങ്ങള്‍, ശാരീരിക പ്രശ്നങ്ങള്‍. എന്നിരുന്നാലും നാം അവനോട് ചോദിച്ചാല്‍ ഈ പ്രശ്നങ്ങളെയെല്ലാം അതിജീവിക്കുന്ന സന്തോഷം നമുക്ക് നല്കാന് ദൈവത്തിനു കഴിയും. 'എന്റെ സന്തോഷം' എന്ന് യേശു പറഞ്ഞത് നമുക്ക് പ്രാപിക്കാന്‍ കഴിയും (യോഹന്നാന് 15:11).
യേശുവിന്റെ ആത്മാവിന്റെ ഫലമാണ് സന്തോഷം (ഗലാത്യര്‍ 5:22). അതിനാല്‍ ഓരോ പ്രഭാതത്തിലും നമ്മെ സഹായിക്കുന്നതിനായി അവനോടപേക്ഷിക്കാന്‍ നമുക്കോര്‍ക്കാം: 'ഞാന്‍ സന്തോഷത്തോടെ കളിക്കട്ടെ!' എഴുത്തുകാരനായ റിച്ചാര്‍ഡ് ഫോസ്റ്റര്‍ പറഞ്ഞു, 'പ്രാര്‍ത്ഥിക്കുക എന്നാല്‍ മാറ്റം വരിക എന്നാണര്‍ത്ഥം. ഇതൊരു മഹത്തായ കൃപയാണ്. നമ്മുടെ ജീവിതം സന്തോഷത്താല്‍ നിറയപ്പെടുന്ന ഒരു പന്ഥാവ് ദൈവം നമുക്ക് നല്‍കുന്നതെത്ര നല്ലതാണ്!'
വന്നു വാങ്ങുക!
ഞങ്ങളുടെ വീടിനു പിന്നിലുള്ള മുന്തിരിവള്ളി പടര്‍ന്ന വേലിക്കു മുകളിലൂടെ ഞാന്‍ എത്തിനോക്കി. ഞങ്ങളുടെ വീടിനു പുറകിലുള്ള പാര്‍ക്കിനു ചുറ്റും നിര്‍മ്മിച്ചിട്ടുള്ള ട്രാക്കിലൂടെ ആളുകള്‍ ഓടുകയും ജോഗ് ചെയ്യുകയും നടക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. എനിക്ക് ആരോഗ്യമുണ്ടായിരുന്നപ്പോള് ഞാനും അത് ചെയ്തിരുന്നു, എന്നു ഞാന്‍ ചിന്തിച്ചു. നിരാശയുടെ ഓളങ്ങള്‍ എന്നെ വല്ലാതെ മൂടി.
പിന്നീട്, വചനം വായിച്ചുകൊണ്ടിരുന്നപ്പോള്‍ യെശയ്യാവ് 55:1 എന്റെ ശ്രദ്ധയാകര്‍ഷിച്ചു, 'അല്ലയോ ദാഹിക്കുന്ന ഏവരും... വരുവിന്‍.'' അസംതൃപ്തി (ദാഹം) ആണ് ഈ ജീവിതത്തിന്റെ നിയമം അല്ലാതെ ഒഴിവാക്കലല്ല എന്നു ഞാന്‍ ഗ്രഹിച്ചു.
ഒന്നും, ജീവിതത്തിലെ നല്ല കാര്യങ്ങള്‍പോലും പൂര്‍ണ്ണ സംതൃപ്തി നല്കുകയില്ല. ഒരു ഷേര്‍പ്പായെപ്പോലെ (പര്‍വ്വതാരോഹക സഹായി) ശക്തമായ കാലുകള്‍ എനിക്കുണ്ടെങ്കിലും എന്നെ അസന്തുഷ്ടനാക്കുന്ന മറ്റെന്തെങ്കിലും എന്റെ ജീവിതത്തിലുണ്ടായിരിക്കും.
നാം ചെയ്യുന്നതും, വാങ്ങുന്നതും ധരിക്കുന്നതും സ്പ്രേ ചെയ്യുന്നതും പുരട്ടുന്നതും സഞ്ചരിക്കുന്ന വാഹനവും നമുക്ക് അന്തമില്ലാത്ത സന്തോഷം തരും എന്ന് നമ്മുടെ സംസ്കാരം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നമ്മോട് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ അതൊരു നുണയാണ്. നാം ചെയ്യുന്നത് എന്ത് തന്നെയായാലും ഇവിടെ ഇപ്പോഴുള്ള ഒന്നില്‍ നിന്നും നമുക്ക് പൂര്‍ണ്ണ സംതൃപ്തി ലഭിക്കുകയില്ല.
മറിച്ച്, ദൈവം പറയുന്നതെന്താണെന്ന് കേള്‍ക്കാന്‍ ദൈവത്തിങ്കലേക്കും തിരുവചനത്തിങ്കലേക്കും വീണ്ടും വീണ്ടും വരുവാന്‍ യെശയ്യാവ് നമ്മെ ക്ഷണിക്കുന്നു. അവന് എന്താണ് പറയുന്നത്? പഴയകാലത്തെ ദാവീദിനോടുള്ള അവന്റെ സ്നേഹം ശാശ്വതവും വിശ്വസ്തവും ആയിരുന്നു (വാ. 3). നമ്മോടും അങ്ങനെ തന്നെയാണ്! നമുക്ക് അവന്റെ അടുത്ത് 'വരുവാന്‍'' കഴിയും.
ഇന്നലത്തെപ്പോലെ അല്ല
ഞങ്ങളുടെ കൊച്ചുമകന് ജെയ് കൊച്ചുകുട്ടിയായിരുന്നപ്പോള്‍ അവന്റെ ജന്മദിനത്തില് അവന്റെ മാതാപിതാക്കള്‍ അവനൊരു ടീഷര്‍ട്ട് നല്കി. അവനത് അപ്പോള്‍ത്തന്നെ ധരിക്കയും അന്ന് മുഴുവന്‍ അഭിമാനത്തോടെ അത് ധരിക്കയും ചെയ്തു.
പിറ്റേന്ന് അതേ ടീഷര്‍ട്ട് ധരിച്ച് അവന് എത്തിയപ്പോള്‍ അവന്റെ ഡാഡി ചോദിച്ചു, 'ജെയ്, ആ ഷര്‍ട്ട് നിന്നെ സന്തോഷിപ്പിക്കുന്നോ?'
'ഇന്നലത്തെയത്രയും ഇല്ല' എന്നായിരുന്നു മറുപടി.
ഭൗതിക നേട്ടങ്ങളുടെ പ്രശ്നമാണത്. ജീവിതത്തിലെ നല്ല കാര്യങ്ങള്‍ക്ക്, നാം ശക്തിയായി ആഗ്രഹിക്കുന്ന ആഴമേറിയതും നിലനില്ക്കുന്നതുമായ സന്തോഷം നല്കാന് കഴികയില്ല. നമുക്ക് അനേക സമ്പാദ്യങ്ങള്‍ ഉണ്ടെങ്കിലും സന്തോഷമില്ലാത്തവരായിരിക്കും നാം.
ഭൗതിക വസ്തുക്കളുടെ സമ്പാദ്യത്തിലൂടെയുള്ള സന്തോഷമാണ് ലോകം വാഗ്ദാനം ചെയ്യുന്നത്: പുതിയ വസ്ത്രങ്ങള്‍, പുതിയ വാഹനം, നമ്മുടെ ഫോണിന് അല്ലെങ്കില്‍ വാച്ചിന് പുതിയ അപ്ഡേറ്റ് ആദിയായവ. എന്നാല്‍ ഒരു ഭൗതിക സമ്പാദ്യവും ഇന്നലത്തെയത്രയും ഇന്ന് നമ്മെ സന്തോഷിപ്പിക്കയില്ല. അതിന്റെ കാരണം നാം ദൈവത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ്, അതില്‍ കുറഞ്ഞതൊന്നും നമ്മെ സന്തോഷിപ്പിക്കുകയില്ല.
ഒരു ദിവസം, യേശു ഉപവസിക്കുമ്പോള്‍ വിശപ്പുകൊണ്ട് തളര്‍ന്നു. സാത്താന് അവനെ സമീപിച്ചത്, അപ്പമുണ്ടാക്കി വിശപ്പടക്കാന്‍ അവനെ പ്രലോഭിപ്പിച്ചു. യേശു ആവര്‍ത്തനം 8:3 ഉദ്ധരിച്ച് പരീക്ഷയെ ജയിച്ചു: 'മനുഷ്യന് അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍ക്കൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു' (മത്തായി 4:4).
നാം അപ്പം കൊണ്ട് മാത്രം ജീവിക്കണം എന്നല്ല യേശു അര്‍ത്ഥമാക്കിയത്. മറിച്ച് ഒരു വസ്തുത അവന് ഉറപ്പിക്കുകയായിരുന്നു. നാം ആത്മീയ ജീവികളാണ്, നമുക്ക് ഭൗതിക വസ്തുക്കള്‍ കൊണ്ടുമാത്രം ജീവിക്കാന്‍ കഴികയില്ല.
മൃദുരോമവും മറ്റു വസ്തുക്കളും
വിന്നീ പൂഹ് പ്രശസ്തമായി പറഞ്ഞു, "നിങ്ങൾ ആരോടാണോ സംസാരിക്കുന്നത് അവർ നിങ്ങളെ ശ്രദ്ധിക്കുന്നില്ലെങ്കിൽ, ക്ഷമയോടെ കാത്തിരിക്കുക. ഒരു പക്ഷേ അത്, അയാളുടെ ചെവിയിൽ ഒരു ചെറിയ പഞ്ഞി കഷണം ഉള്ളതു കൊണ്ടായിരിക്കാം. "
വിന്നി എന്തെങ്കിലും ഉദ്ദേശിച്ചതായിരിക്കാം എന്ന് വർഷങ്ങൾക്ക് ശേഷം ഞാൻ പഠിച്ചു. നിങ്ങളുടെ ഉപദേശം പ്രയോജനപ്രദമാണെങ്കിലും ആരെങ്കിലും നിങ്ങളെ ശ്രദ്ധിക്കാതെ ഇരുന്നാൽ, അവരുടെ ചെവിയിലുള്ള ഒരു ചെറിയ പഞ്ഞി കഷണം മാത്രമായിരിക്കാം, അവരുടെ മൂകഭാവം. അല്ലെങ്കിൽ മറ്റൊരു തടസ്സം ഉണ്ടാകാം: തകർന്നവരും നിരുത്സാഹപ്പെട്ടവരുമായതിനാൽ നന്നായി കേൾക്കുവാൻ ചിലർക്ക് ബുദ്ധിമുട്ട് തോന്നുന്നു.
യിസ്രായേൽ മക്കളോടു സംസാരിച്ചതായി മോശെ പറഞ്ഞു, എന്നാൽ അവരുടെ മനോവ്യസനം കൊണ്ടും ജീവിതം കഠിനമായതു കൊണ്ടും അവർ ശ്രദ്ധിച്ചില്ല (പുറപ്പാട് 6:9). എബ്രായ വാചകത്തിൽ നിരുത്സാഹപ്പെടുത്തൽ എന്ന പദത്തിന്റെ അക്ഷരീകാർത്ഥം "ശ്വാസ തടസ്സം" എന്നാണ്. അത് മിസ്രയീമിലെ അവരുടെ കയ്പുള്ള അടിമത്തത്തിന്റെ ഫലമായിരുന്നു. കാര്യം ഇങ്ങനെയായിരിക്കുമ്പോൾ, മോശയുടെ പ്രബോധനം ശ്രദ്ധിക്കുന്നതിനുള്ള ഇസ്രായേലിന്റെ വിമുഖതമദ്ധ്യേ അനിവാര്യമായിരിക്കുന്നത്, ഗ്രഹണശക്തി മനസ്സലിവ് തുടങ്ങിയവയാണ്, അല്ലാതെ, അധിക്ഷേപമല്ല.
മറ്റുള്ളവർ നമ്മെ ശ്രദ്ധിക്കാതിരിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്? വിന്നി പൂഹയുടെ വാക്കുകൾ പ്രതിഷ്ഠിച്ചിരിക്കുന്നത് ജ്ഞാനത്തെയാണ്: "ക്ഷമയോടെ ഇരിക്കുക." ദൈവം പറയുന്നത് "സ്നേഹം ക്ഷമയാണ്, സ്നേഹം ദയയാണ്" (1 കൊരിന്ത്യർ 13:4); അത് കാത്തിരിക്കാൻ തയ്യാറാണ്. ദൈവം ആ വ്യക്തിയുമായുള്ള കാര്യങ്ങൾ അവസാനിപ്പിച്ചിട്ടില്ല. അവരുടെ ദുഃഖം, നമ്മുടെ സ്നേഹം, പ്രാർഥനകൾ എന്നിവയിലൂടെ അവൻ പ്രവർത്തിക്കുന്നു. ഒരുപക്ഷേ അവന്റെ സമയമാകുമ്പോൾ, കേൾക്കുവാൻ തക്കവണ്ണം അവൻ അവരുടെ ചെവികൾ തുറക്കും. ക്ഷമയോടെ ഇരിക്കുക.
മഹത്തായ ഉണര്ന്നെഴുന്നേല്ക്കല്
ഞങ്ങളുടെ ആണ്മക്കള് കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ കുടുംബത്തോടൊപ്പം ഒത്തുകൂടിയതിന്റെ ഒരു ഓര്‍മ്മ ഞാന്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. മുതിര്‍ന്നവര്‍ രാത്രി വൈകിയും സംസാരിച്ചിരുന്നു; കളിച്ചു ക്ഷീണിതരായ ഞങ്ങളുടെ മക്കള്‍ ഒരു കസേരയില്‍ ചുരുണ്ടു കിടന്ന് ഉറങ്ങി.
പുറപ്പെടാന്‍ സമയമായപ്പോള്‍, ഞാന്‍ മക്കളെ വാരിയെടുത്ത് കാറിലേക്കു കൊണ്ടുപോയി പിന്‍സീറ്റില്‍ കിടത്തി വീട്ടിലേക്കു കൊണ്ടണ്ടുപോയി. ഞങ്ങള്‍ എത്തിയപ്പോള്‍, ഞാന്‍ വീണ്ടും അവരെ എടുത്ത് കിടക്കയില്‍ കൊണ്ടു കിടത്തി, ചുംബനം കൊടുത്ത് ലൈറ്റ് അണച്ചു. രാവിലെ അവര്‍ ഉണര്‍ന്നത് അവരുടെ ഭവനത്തില്‍. ഇതെനിക്ക്, നാം "യേശുവില്‍ നിദ്രകൊള്ളുന്ന" രാത്രിയെക്കുറിച്ചുള്ള സമ്പന്നമായ ഒരു രൂപകമായി മാറി (1 തെസ്സലൊനീക്യര്‍ 4:14).
നാം ഉറങ്ങുകയും നമ്മുടെ നിത്യഭവനത്തില്‍, നമ്മുടെ നാളുകളുടെ അടയാളമായ ക്ഷീണത്തെ സൗഖ്യമാക്കുന്ന ഭവനത്തില്‍, നാം ഉണര്ന്നെഴുന്നേല്ക്കയും ചെയ്യും.
എന്നെ അതിശയിപ്പിച്ച ഒരു പഴയ നിയമ വേദഭാഗം കഴിഞ്ഞ ദിവസം എന്റെ ശ്രദ്ധയില്‍ വന്നു-ആവര്‍ത്തനപുസ്തകത്തിലെ ഒരു സമാപന നിമിഷം: "മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തു വച്ചു മരിച്ചു" (34:5). എബ്രായയില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ഇങ്ങനെയാണ്: "മോശെ യഹോവയുടെ വായോടുകൂടെ ... മരിച്ചു." ആ പുരാതന പ്രയോഗത്തെ എബ്രായ റബ്ബിമാര്‍ തര്‍ജ്ജമ ചെയ്യുന്നത് "യഹോവയുടെ ചുംബനത്തോടെ" എന്നാണ്.
ഭൂമിയിലെ നമ്മുടെ അവസാന രാത്രിയില്‍ ദൈവം കുനിഞ്ഞ് നമ്മെ പുണര്‍ന്ന് നമ്മെ ചുംബിച്ച് ശുഭരാത്രി ആശംസിക്കുന്നു എന്നു ഞാന്‍ ദര്‍ശിക്കുന്നത് അധികമായിപ്പോകുമോ?
ജോണ്‍ ഡണ്‍ വാക്ചാതുര്യത്തോടെ കുറിക്കുന്നതുപോലെ, "ഒരു ഹ്രസ്വനിദ്ര കഴിഞ്ഞാല്‍, നാം നിത്യമായി ഉണരും."
വൈക്കോല്‍ വാരിക്കൂട്ടുക
ഞാന്‍ കോളജില്‍ പഠിച്ചിരുന്ന സമയത്ത്, കൊളറാഡോയിലെ ഒരു കൃഷിസ്ഥലത്ത് വേനല്‍ക്കാലത്ത് ജോലി ചെയ്തിരുന്നു. ഒരു സന്ധ്യാസമയത്ത്, പകല്‍ മുഴുവനും വൈക്കോല്‍ വാരിക്കൂട്ടി ക്ഷീണിച്ചവനും വിശന്നവനുമായി ഞാന്‍ ട്രാക്ടര്‍ മുറ്റത്തേക്ക് ഓടിച്ചു കയറ്റി. അതീവ കോപാകുലന് എന്നു നടിച്ചുകൊണ്ട് സ്റ്റീയറിംഗ് ഇടത്തേക്ക് വെട്ടിത്തിരിച്ച്, ബ്രേക്കില്‍ ആഞ്ഞു ചവിട്ടി, ട്രാക്ടര്‍ വട്ടം ചുറ്റിച്ചു.
പുറത്തേക്കു തള്ളിയിരുന്ന അരിവാള്‍ അവിടെയിരുന്ന 500 ഗ്യാലന് പെട്രോള്‍ ടാങ്കിന്റെ അടിയിലെ പീഠത്തില്‍ തട്ടി. ഒരു വലിയ ശബ്ദത്തോടെ ടാങ്ക് നിലംപതിച്ചു, ടാങ്കു പൊട്ടി പെട്രോള്‍ പുറത്തേക്കൊഴുകി.
ഈ രംഗം കണ്ടുകൊണ്ട് ഉടമ സമീപത്തു നിന്നിരുന്നു.
ഞാന്‍ ട്രാക്ടറില്നിന്നിറങ്ങി, ഒരു ക്ഷമാപണം നടത്തി - കാരണം അതാണ് ആദ്യം എന്റെ മനസ്സിലേക്കു വന്നത് - അടുത്ത വേനല്‍ക്കാലത്ത് ശമ്പളം കൂടാതെ ജോലി ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു.
വൃദ്ധനായ കൃഷിക്കാരന് തകര്‍ന്നുകിടക്കുന്ന ടാങ്ക് നോക്കിയശേഷം വീട്ടിലേക്കു തിരിഞ്ഞിട്ടു പറഞ്ഞു, "വാ, നമുക്കു ഭക്ഷണം കഴിക്കാം."
യേശു പറഞ്ഞ ഒരു കഥയുടെ ഭാഗം എന്റെ മനസ്സിലൂടെ കടന്നുപോയി-ഒരു കഠിന കാര്യം ചെയ്ത ഒരു യുവാവിന്റെ കഥ: "അപ്പാ, ഞാന്‍ സ്വര്ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു" അവന് നിലവിളിച്ചു. തുടര്‍ന്ന് ഇതുകൂടി പറയാന്‍ അവന് ആഗ്രഹിച്ചു, "നിന്റെ കൂലിക്കാരില് ഒരുത്തനെപ്പോലെ എന്നെ ആക്കണമേ." എന്നാല്‍ ആ വാക്ക് അവന്റെ വായില്‍നിന്നും പുറപ്പെടുന്നതിനുമുമ്പ് പിതാവ് ഇടയ്ക്കു കയറി. എന്നിട്ടു പറഞ്ഞു: "വാ, നമുക്കു ഭക്ഷണം കഴിക്കാം" (ലൂക്കൊസ് 15:17-24).
അങ്ങനെയാണ് ദൈവത്തിന്റെ അതിശയകരമായ കൃപ.